വടശ്ശേരിക്കര ഗ്രാമത്തിന്റെ പുണ്യപുരാതന ദേവസങ്കേതമാണ് കുമാരൻപേരൂർ. കുമാരൻ കുടികൊണ്ടു വാഴുന്ന ഈ പ്രദേശം കിഴക്കൻ പഴനി എന്ന നാമത്തിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.ചിരപുരാതനവും ചരിത്ര പ്രസിദ്ധവും ഭക്തിമാഹാത്മ്യവും കൊണ്ട് പുകൾപെറ്റതുമായ ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മുരുകക്ഷേത്രങ്ങളിലൊന്നാണ് വടശ്ശേരിക്കരയിലെ തമ്പുരാൻകുന്ന് ശ്രീ.സുബ്രഹ്മണ്യസ്വാമിക്ഷേത്രം. കലിയുഗത്തിൽ വർദ്ധിച്ചുവരുന്ന ദുഷ്ടശക്തികളിൽ നിന്നും രക്ഷനേടാൻ ഈ ക്ഷേത്രത്തിൽ അഭയം തേടിയെത്തുന്ന ദുഃഖാർത്തരായ ഭക്തജനങ്ങൾക്ക് എന്നെന്നും ശാന്തിയും സമാധാനവും അഷ്ടൈശ്വര്യങ്ങൾ പ്രധാനം ചെയ്ത് സകലവിധ രോഗദുരിതങ്ങളും സർവ്വവിധ പാപദോഷങ്ങളും മാറുന്നതിനുള്ള ഉപാധികൾ അരുൾ ചെയ്ത് ജാതിമത വർഗ്ഗവർണ്ണ ഭേദമില്ലാതെ എല്ലാവർക്കും ദർശനമരുളി മോഹനസ്വരൂപനായി ഭക്താഭീഷ്ടവരപ്രദായകനായി തമ്പുരാൻ കുന്നിൽ വാണരുളുന്ന, സഹസ്രാബ്ദങ്ങൾ പിന്നിട്ട ചരിത്ര വഴികളിൽ യുഗപുരുഷന്മാർ നമ്രശിരസ്കരായി ഭഗവത് തൃപ്പാദങ്ങളെ അർച്ചന ചെയ്തും മന്ത്രധ്വനികൾ കൊണ്ട് പുളകമണിയിച്ച് വാഴ്ത്തി സ്തുതിച്ചും ഋഷീശ്വരന്മാരാലും യോഗീശ്വരനാലും സിദ്ധസാദ്ധ്യ കിന്നര അപ്സരോ ഗന്ധർവ്വന്മാരാലും 4448 മുക്കോടി ദേവാദി ദേവ സമൂഹങ്ങളും തപസുചെയ്ത് കൈലസാദ്രിയിൽ ശ്രീപാർവ്വതി പരമേശ്വര സുതത്രയങ്ങളിൽ കുമാരൻ പേരൂർ എന്നവിളിപ്പേരിൽ ചരിത്ര താളുകളിൽ അറിയപ്പെടുന്നു.
ബാലകനായി ഈ കൈലാസത്തിൽ വാണരുളിയ ഭഗവാൻ ശ്രീസുബ്രഹ്മണ്യ സ്വാമിയെ സദാ പൂജിച്ചിരുന്ന ഒരു യോഗീശ്വരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനു ധാരാളം ശിഷ്യസമ്പത്തും ഇവിടെ ഒപ്പം താമസിച്ചിരുന്നു. ഭൂമിയിൽ അധർമ്മംവിളയാടിയപ്പോൾ ഒരു ഇരുണ്ട യുഗം ഉടലെടുത്തു. അധാർമ്മികതയുടെ പ്രളയക്കെടുതിയിൽ കാലംഈ ഭൂപ്രദേശത്തെയും കാർന്നെടുത്തു. അന്യമായി തീർന്ന ഇവിടം കാലങ്ങളോളം ഋതുഭേദങ്ങൾ മാറിമാറിയേറ്റു കിടന്നു. സുബ്രഹ്മണ്യ ഭക്തനായിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ഭൂമിയിൽ വിവിധ ദേശങ്ങളിൽ പുനർജനിച്ചു. കൂടാതെ ഈ പ്രദേശത്തു താമസമാക്കിയവർ അത്ഭുതമെന്നു പറയട്ടെ ഭഗവാന്റെ മായാ ലീലയാവാം മുരുകഭക്തമാരായി ജീവിച്ചു വരുന്നു. ശ്രീ.സുബ്രഹ്മണ്യഭഗവാന്റെ സാന്നിദ്ധ്യത്താൽ പരമപവിത്രമായ ഇവിടെ കാണുന്ന ആകാശചുംബിയായി ഉയർന്നുനിൽക്കുന്ന കുന്നും താഴ്‌വരകളും ഹൃദയസ്പന്ദനം പോലെ മുരുകാ-മുരുകാ എന്നു മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.
അനന്തകോടി നക്ഷത്രങ്ങൾക്ക് അധിപനായ ഭഗവാൻ ശ്രീ.കാർത്തികേയ സ്വാമിയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട കുമാരൻപേരൂർ,തിരുവാറന്മുള പുലിപ്ര കോയിക്കൽ തമ്പുരാക്കന്മാരുടെ അധീനതയിലായി. കാടും നാടുവഴികളും നാടു നീങ്ങിയപ്പോൾ തമ്പുരാൻകുന്ന് എന്നായി ഈ പ്രദേശം. കാലങ്ങൾ ഋതുഭേദങ്ങൾ മാറിമറിഞ്ഞപ്പോൾ ജനവാസ ഭൂമിയായി ഇവിടം മാറി.പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട- ശബരിമലപാതയിൽ വടശ്ശേരിക്കരയ്ക്കും മണ്ണാറക്കുളഞ്ഞിക്കും ഇടയിലുള്ള നരിക്കുഴി-യെന്ന ചെറിയ ഗ്രാമം. കുന്നിന്റെ താഴ്‌വാരത്തിലുള്ള ഭൂപ്രദേശത്തെ പിന്നീട് നരിക്കുഴി എന്നറിയപ്പെട്ടു.
1162-മാണ്ട് കർക്കിടകത്തിലെ പട്ടിണി വിരിയിച്ച കോരിച്ചൊരിയുന്ന വർഷകാലം. അച്ഛനും അമ്മയും കുഞ്ഞുങ്ങളും നനഞ്ഞു ചോരുന്ന ഓലക്കുടിലിൽ ആകാശത്തു നിന്നും ഇടയ്ക്കിടെ ഹുങ്കാരനാദത്തോടെ നിർഭയത്തോടെ കടന്നുവരുന്ന മിന്നൽ പിണരുകളെ ഭയന്ന് സകല ദൈവങ്ങളെയും ഒന്നിച്ചു വിളിച്ചു പ്രാർത്ഥിക്കുന്ന കാലം. ഇടയ്ക്കിടെ അല്പം വെയിലും ചൂടും തരുന്ന കർക്കടകം. മുറ്റത്ത് വെയിൽ പരന്നപ്പോൾ കുട്ടികൾ കളികളിലേർപ്പെട്ടു. ഈ സമയം വീട്ടിനുള്ളിൽ അമ്മ ഉച്ചപ്രാതൽ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഏകദേശം 14 വയസ് മാത്രം തോന്നിക്കുന്ന ഒരു ബാലകൻ കാവിവസ്ത്രവും ഭസ്മക്കുറികളും ധരിച്ച് കൈകളിൽ കുറെ മുത്തുമാലകളുമായി വീടിന്റെ മുറ്റത്ത് കടന്നുവന്നു. മദ്ധ്യാഹ്നമായതിനാൽ വിശപ്പുകൂടി. മുറ്റത്തു നിന്നുകൊണ്ട് അമ്മാ-വിശപ്പിനു വല്ലതും തരണേ എന്നു വിളിച്ചുപറഞ്ഞു. ശബ്ദം കേട്ട് പുറത്തേയ്ക്കുവന്ന അമ്മയെ നോക്കി ആ ബാലകൻ തന്റെ ആവശ്യം വീണ്ടും ആവർത്തിച്ചു. കാഴ്ചയിലും ഭാവത്തിലും തികഞ്ഞ ഒരു തമിഴ് ബാലകനായി തോന്നി.ആ കുട്ടിയുടെ വിശപ്പിന്റെ വിളി ഹൃദയത്തിൽ കൊണ്ട അമ്മ അകത്തേയ്ക്കു പോയി. ഭാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ അന്ന് ഉണ്ടായിരുന്നത് അല്പം കഞ്ഞിയും ചമ്മന്തിയും മാത്രമായിരുന്നു. ആഹാരവുമായി തിരികെ എത്തിയപ്പോൾ നിലവിൽ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കളിക്കുന്ന കുട്ടിയെയാണ് കണ്ടത്. തുടർന്ന് അമ്മ വിളിച്ച് ഭക്ഷണം നൽകി. ആർത്തിയോടെ ആഹാരം കഴിക്കുന്ന കുട്ടിയെ നോക്കി അമ്മ കുശലങ്ങൾ പറഞ്ഞു . തന്റെ പേര് വേലായുധൻ എന്നാണെന്നും മാലകളും വളയും വിൽക്കാൻ ഇറക്കിയതാണെന്നും താൻ ചെല്ലുന്നിടമെല്ലാം തന്റെ ദേശമാണെന്നും ലോകത്തിന്റെ മാതാവും പിതാവുമായ ശ്രീ. പാർവ്വതി പരമേശ്വരന്മാരാണ് തന്റെ അച്ഛനും അമ്മയും എന്ന് തമാശരൂപേണ ആ ബാലൻ പറഞ്ഞു. ഭക്ഷണം രുചിയോടെ കഴിച്ച ബാലകന് വളരെ സന്തോഷവും മുഖത്തു തൃപ്‌തിയും തോന്നിച്ചു. രുചിയുള്ള ആഹാരം നൽകിയതിൽ സന്തുഷ്ടനായ ആ ബാലകൻ അമ്മയ്ക്ക് കയ്യിൽ നിന്നും ഒരു മാല നൽകി. എന്നിട്ടുപറഞ്ഞു"താൻ ഇരുന്ന് കളിച്ചിടം വരെ പ്രത്യേകതയുള്ള സ്ഥലമാണെന്നും താമസിയാതെ അവിടെ ഒരു സർപ്പം പ്രത്യക്ഷപ്പെടുമെന്നും അവിടെ ഒരു ക്ഷേത്രം ഉണ്ടാകുമെന്നും കലികാലത്തിൽ ജീവിതദുരിതങ്ങൾ അനുഭവിക്കുന്ന അനേകംജനങ്ങൾ ഇവിടെ എത്തുമെന്നും അവർക്കൊക്കെ ഇവിടം ഒരു ആശ്രയകേന്ദ്രമായി മാറുമെന്നും അമ്മയുടെ അല്പായുസ്സുള്ള മകന് ദീർഘായുസ്സായി ആണ്ടവൻ തരുമെന്ന് അറിയിച്ചു."
ആ ബാലൻ പറഞ്ഞപ്രകാരം മൂന്നാം ദിനം ആ സ്ഥലത്ത് ഒരു സർപ്പം പ്രത്യക്ഷപ്പെട്ടു.ആ കുടുംബത്തിൽ അല്പായുസ്സായി ജ്യോതിഷികൾ വിധിച്ച പൂർവ്വാശ്രമത്തിൽ അനിൽകുമാർ എന്നറിയപ്പെട്ട ബ്രഹ്മശ്രീ മുരുകാനന്ദസ്വാമികൾക്ക് ചിങ്ങം 6-ന് ഭഗവാന്റെ തിരുഅരുളപ്പാട് സിദ്ധിക്കുകയും ചെയ്തു. ഭാരിദ്ര്യദുരിതത്തിൽ കഴിഞ്ഞിരുന്ന സാധുകുടുംബത്തിനു ക്ഷേത്ര നിർമ്മാണം ഭാരിച്ച ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും വിശ്വാസികളായി മാറിയ പലരുടെയും സഹായത്തോടെ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മകരമാസത്തിലെ പൂയം നാളിൽ വിഗ്രഹപ്രതിഷ്ഠ നടത്തുകയും തുടർന്ന് എല്ലാ വർഷവും ഉത്തരോത്തരം ഭംഗിയായി തൈപ്പൂയ മഹോത്സവമായി ആഘോഷപൂർവ്വം കൊണ്ടാടുന്നു. ക്ഷേത്രത്തിൽ ദേവസേനാപതി ഭാവത്തിൽ ഭഗവാൻ കുടികൊള്ളുന്നു. ഇവിടെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ജനങ്ങൾക്ക് ഭഗവാന്റെ അരുളപ്പാടിലൂടെ ജീവിതത്തിലെ കഠിനമായ എന്തു പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുകയും വ്രതാനുഷ്ഠാനമോടെ നിർദ്ദേശങ്ങൾ അനുസരിക്കുമ്പോൾ ആഗ്രഹസാഫല്യം ഉണ്ടാവുകയും ചെയ്യുന്നു. അനുഭവസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നത് ഇതാണ് .


Comments
Post a Comment